Luke 6

ശബ്ബത്തിന്റെ കർത്താവ്

1ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി. 2അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.

3അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 4ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” 5തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.

6മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. 7പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 8എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.

9തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”

10അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു. 11എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.

പന്ത്രണ്ട് അപ്പൊസ്തലന്മാർ

12അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു. 13പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:

14പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്,
യാക്കോബ്,
യോഹന്നാൻ,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
15മത്തായി,
തോമസ്,
അല്‌ഫായിയുടെ മകനായ യാക്കോബ്,
ദേശീയവാദിയായിരുന്ന
റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. കനാന്യർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. മർ. 3:18; മത്താ. 10:4 കാണുക.
ശിമോൻ,
16യാക്കോബിന്റെ മകനായ യൂദാ,
വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.

അനുഗ്രഹങ്ങളും ശാപങ്ങളും

17യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും 18യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. 19അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.

20ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

“ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങളുടേതല്ലോ ദൈവരാജ്യം.
21ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ സംതൃപ്തരാകും.
ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ ആഹ്ലാദിക്കും.
22നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട്
ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്,
നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ,
നിങ്ങൾ അനുഗൃഹീതർ.
23“അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.

24“ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം!
നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
25ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ വിശന്നുവലയും.
ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
26എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!
അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.

ശത്രുക്കളോടുള്ള സ്നേഹം

27“എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. 30നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്. 31മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.

32“നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. 33നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. 34തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. 35എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. 36നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.

ന്യായവിധി നടത്തരുത്

37“മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും. 38കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”

39തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ? 40ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും.

41“സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? 42നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.

വൃക്ഷവും അതിന്റെ ഫലവും

43“വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല. 44ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല. 45നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.

വീടുപണിയുന്ന വിവേകിയും മൂഢനും

46“നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 47എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. 48ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല. 49എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”

Copyright information for MalMCV